ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ–വാളത്തോട് മേഖലയിൽ മാസങ്ങളായി തുടരുന്ന കാട്ടാന ഭീഷണിക്ക് ശമനമില്ല. കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം എടപ്പുഴ എംഎസ്എംഐ കോൺവെന്റ് കൃഷിയിടത്തിലെ വാഴ, തെങ്ങ് തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചു. എടപ്പുഴ സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ തെങ്ങും കാട്ടാന നശിപ്പിച്ചു.
പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കശുമാവ്, തെങ്ങ്, കമുക്, വാഴ, റബർ തുടങ്ങിയ കാർഷിക വിളകളും നശിപ്പിച്ചു. കളറുപാറ സിനോജ്, വട്ടുകുളം ബെന്നി, കളറുപാറ രാജു, പള്ളത്ത്കാലായിൽ ലിസി തുടങ്ങിയവരുടെ കൃഷിയിടങ്ങൾക്കാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്.
വാളത്തോട് മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടമാണ് വരുത്തിയത്. സിനോജിന്റെ കൃഷിയിടത്തിലെ 25 റബർ മരങ്ങളും 15 കശുമാവുകളും 100 മീറ്ററോളം കയ്യാലയും നശിപ്പിച്ചു. കശുമാവുകൾ ചുവടെ കുത്തിയിളക്കിയ നിലയിലാണ്. റബറിന്റെ തൊലി പൊളിച്ചുതിന്ന നിലയിലുമാണ്.കഴിഞ്ഞ ദിവസം ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനംവകുപ്പ് വനത്തിലേക്ക് തുരത്തി യെങ്കിലും രാത്രിയോടെ ഇവ വീണ്ടും ജനവാസമേഖലയിലേക്ക് തന്നെ തിരിച്ചെത്തുകയാണ്. ആനകൾ സ്ഥിരമായി വീടുകൾക്ക് സമീപത്തു കൂടിയാണ് സഞ്ചരിക്കുന്നത്. വീട്ടുമുറ്റത്ത് വരെ ആനകൾ നിലയുറപ്പിക്കുന്ന സാഹചര്യവും ഉണ്ട്.
താത്കാലിക വേലി ഒരാഴ്ചയ്ക്കുള്ളിൽ
ആനകൾ ഇറങ്ങുന്ന വാളത്തോട്–എടപ്പുഴ മേഖലയിൽ പഞ്ചായത്തും വനംവകുപ്പും ചേർന്ന് നിർമിക്കുന്ന താത്കാലിക വേലി നിർമാണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ പറഞ്ഞു. വേലി നിർമാണത്തിന് ആവശ്യമായ റോപ്പ് ലഭിക്കാൻ വൈകിയതാണ് നിർമാണം നീളാൻ കാരണമായത്. കാട്ടാനകൾ കൃഷി നശിപ്പിച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ജോസ്കുഞ്ഞ് തടത്തിൽ, മേഴ്സി മരിയ, പഞ്ചായത്ത് അംഗങ്ങളായ അനീഷ് കെ. പോൾ, ഷമീന, ബിന്ദു ഷാജി, റീന ബോബി എന്നിവർ സന്ദർശിച്ചു.